Friday, September 5, 2008

മഴക്കാലം

ഓപ്പീ,

ചോദ്യങ്ങളും ആവശ്യങ്ങളും പാടെ അവഗണിച്ചുകൊണ്ടാണെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരം എന്ന പോലെ നിന്‍റെ കത്ത് വന്നല്ലോ? സന്തോഷം തന്നെ. പ്രവാസം അതിന്‍റെ എല്ലാ വരമ്പുകളെയും ഭേദിക്കാന്‍ മോഹിപ്പിക്കുന്നു. മടുത്തു തുടങ്ങിയോ ആവോ, ഈ അറബിപ്പൊന്‍ കനവ്?

മഴ ചളിക്കുണ്ടുകളില്‍ ഇറങ്ങിനിന്ന് തവളകള്‍ക്ക് മുലയൂട്ടുകയാകും, അല്ലെ? റോഡുകളൊക്കെ തോണിയിറങ്ങി അലകള്‍ ഉതിര്‍ക്കുന്നുവോ? കുടപ്പരസ്യങ്ങള്‍? നീ പുതിയ മഴക്കോട്ട് വാങ്ങിയോ? ഒരു കൈക്കോട്ടെങ്കിലും?അതോ, ജി. സുധാകരനുമായി പിണങ്ങിപ്പോയോ മഴ? ഇടവപ്പാതി എഴുത്തുകാരുടെ റോയല്‍റ്റി പോലെ വെറും ശൂന്യതയോ? അവിടെ എന്ത് നടക്കുന്നു ആവോ? ഒന്നും വ്യക്തമല്ല. ഇവിടെ മഞ്ഞായും മഴയായും വെയില്‍ മാത്രം. തൊട്ടാല്‍ പൊള്ളുന്ന, കാക്ക കൊള്ളാത്ത, എന്നാല്‍ ഒട്ടെല്ലാ കാക്കാമാരും കൊള്ളുന്ന വെയില്‍.

( ഒ.പി. സുരേഷിന് )

ദുബായ് 2008 ജൂണ്‍ 23

1 comment:

കടത്തുകാരന്‍/kadathukaaran said...

അതിവേഗം ബഹുദൂരമാണെങ്കിലെന്താ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ് മാന്‍ വേഗം കൊണ്ടെത്തിച്ചു തന്നല്ലോ എന്‍റെ കുറിമാനം, ഈ കുറിപ്പിന്‍ മറു കുറി യെഴുതിയാലും അങ്ങെത്താന്‍ സമയമെടുക്കും നാഥാ.., കാരണം ഇപ്പോഴത്തെ മുഖ്യ മന്ത്രി അച്ചുമാമ്മന്‍ തീരുമാനങ്ങളുടെ മേല്‍ അടയിരിക്കാനാണത്രേ ഈ മഴക്കാലത്തിഷ്ടം. നറുക്കിട്ടെടുത്ത ഒരു മന്ത്രിയാണിപ്പോള്‍ റോഡ് പണി നടത്തുന്നത്, അങ്ങേരുടെ നേതാവെപ്പോഴും വിമാനത്തിലാണ്‍ യാത്ര, അതുകൊണ്ട് റോഡിനോടൊന്നും അത്രക്ക് താത്പര്യമില്ലാത്തതു കൊണ്ട് റോഡോക്കെ കുളമാ..

പിന്നെ പണ്ടത്തെപ്പോലെ മഴയൊന്നുമില്ല ഇപ്പോള്‍, കിട്ടിയ മഴയത്ത് ഉള്ളം വെള്ളം തിളപ്പിച്ചാറ്റി കിട്ടിയ വൈദ്യുദി ചീപ്പ് റൈറ്റിന്‍ നമ്മടെ ബാലന്‍ വദ്യര്‍ വിറ്റു, ഇത് കണ്ട് മിച്ച സംസ്ഥാനമാണെന്ന് തെറ്റിദ്ധരിച്ച ദൈവം ഇപ്രാവശ്യം മഴ കുറച്ചേ തന്നുള്ളൂ, വീണിടത്ത് കിടന്നുരുളുന്ന് മന്ത്രി പുങ്കവന്മാര്‍ അതു വിദ്യയാക്കി, ഇപ്പോള്‍ ഈ ചെറു മഴയത്ത് പൊള്ളുന്ന കറന്‍റെ ഷോക്കടിപ്പിച്ചതു കാരണം എന്‍റെ കൈ ഒരെണ്ണം അല്പം കോടിയിരിക്കുന്നതു കൊണ്ട് ബാക്കിയുള്ള എഴുത്ത് അടുത്ത പ്രാവശ്യമാകാം...

എന്ന് സ്വന്തം..