Wednesday, August 27, 2008

കടലാസില്‍

കടലാസില്‍ രചിക്കപ്പെടുന്നതോ തപാലില്‍ അയക്കപ്പെടുന്നതോ കൊണ്ട് ഇതൊന്നും കത്തുകളല്ല. ഏറ്റവും അടുത്തിരിക്കുന്ന വാക്കുകള്‍...

ഏതൊരു വിരഹത്തിലും, എത്രമേല്‍ വ്യസനത്തിലും, എതഗ്നിയിലും നിന്നില്‍ എഴുതാനുള്ള വാക്കുകള്‍ ഉണ്ടല്ലോ? നീയത് മറന്നു കളഞ്ഞുവെങ്കിലും ...

പേനയെ ലഹരിപോലെ ഇഷ്ട്പ്പെടുക. അലമാരിക്ക് അലങ്കാരമായല്ല . പഠിച്ച അക്ഷരങ്ങളോടുള്ള കടപ്പാട് ബാക്കിയില്ലേ?

മണ്ണില്‍ വീണ്, ഒരില പോലെ മണ്ണിലേക്ക് ലയിച്ചു ചേരും മുമ്പ്, അക്ഷരങ്ങള്‍ അര്‍പ്പിച്ച ദൌത്യം എത്ര ഇടങ്ങഴി നിര്‍വ്വഹിച്ചെന്ന് ആലോചിക്കുന്നത് മാന്യത.

വാക്കുകള്‍ തന്നെ നിന്‍റെ നിയോഗം. വാക്കിന്‍റെ ശക്തി. ഓജസ്സ്. അവ മൂടിവെക്കരുത്. വിഴുങ്ങരുത്. വിളക്ക് കൊളുത്തുമ്പോലെ അത് പ്രകാശിപ്പിക്കുക.

നീ അറിയുന്നുണ്ടോ, ഇതെഴുതുമ്പോള്‍ കൊടുങ്ങല്ലൂരിലെ വസതിയില്‍ വിജയന്‍ മാഷുടെ ചിതയെരിയുകയാണ്....

( ബാലന് /2007 ഒക്ടോബര്‍ 4)

രാജമുന്ത്രിയിലേക്ക്


കേരളത്തിലെവിടെയും നിനക്ക് ഇടമില്ല. സര്‍വ്വം സ്വകാര്യ ലാന്‍ഡ്‌ ബേങ്കില്‍. കയ്യേറാന്‍ മാത്രം നോക്കണ്ട. ജാഗരൂകരാണ് ജെ. സി. ബികള്‍.


തിരിച്ചുപോയത് ബുദ്ധി. എന്നുവെച്ച്, രാജമുന്ത്രിക്കാരെ മലയാളം പഠിപ്പിക്കാന്‍നോക്കണ്ട. അവരങ്ങ് ജീവിച്ചുപോട്ട്...


തലയിലെഴുത്ത് പ്രസിദ്ധീകരണത്തിന് കൊടുക്കാവുന്നതാണ്. റോയല്‍റ്റി ഇന്നാട്ടില്‍ പതിവില്ല. ഖ്യാതിയും!ആളാവാന്‍, സിന്‍ഡിക്കേറ്റ് കനിയണം.


കുറച്ചൊക്കെ മലയാളസാഹിത്യം വായിക്കാം. അപകടമില്ല. പക്ഷെ, സ്വയം രക്ഷപ്പെടാനുള്ള വിവേകമുണ്ടെങ്കില്‍ മാത്രം. സഹായി ഉണ്ടാകില്ല.


ഓര്‍മ്മ... അത് മാത്രമാണ് സ്വന്തം. ആരോടും കണക്കുപറയേണ്ട. അതുകൊണ്ട് ഓര്‍മ്മിക്കുക...എല്ലാ നന്മകളും...


(ബാലചന്ദ്രന് / 2007 ആഗസ്റ്റ് 3 )