Saturday, September 20, 2008

യാത്രാവേളയില്‍

ഷാഹിദേ,
യാത്രാവേളയില്‍ ചില, പ്രിയപ്പെട്ട മനസ്സുകളും മോഷ്ടിച്ചെടുത്ത് ഞാനെന്‍റെ ഭാണ്ഡത്തില്‍ കെട്ടിയിരുന്നു. തീര്‍ച്ചയായും അതിലൊന്ന് നിന്‍റേതായിരുന്നു.

മനസ്സിന്‍റെ തന്ത്രികള്‍ക്കരികെ, ഒരു വിരലെത്തും ദൂരെ, നീ എപ്പോഴുമുണ്ടായിരുന്നു; കാത്തുവെയ്ക്കപ്പെട്ട ഒരു ഗസലുപോലെ...

മാര്‍ക്ക്വേസിന്‍റെ കേണലിന് ആരും എഴുതാഞ്ഞത് പോലെ, എനിക്കും ആരുമിപ്പോള്‍ എഴുതാറില്ല. അതൊരുപക്ഷെ എഴുത്തുകാരുടെ കുറ്റമാകില്ല. തപാല്‍പ്പെട്ടി തീരെ പഴഞ്ചന്‍ ബിംബമായി മാറിയ കാലത്തിന്‍റെ അഹന്തയാകാം.

നിനക്കറിയുമോ ? ഇ-മെയിലുകളില്‍ വിരിയുന്നതൊക്കെ വെറും കടലാസുപൂക്കളാണ്.

അതെ, നിയ്യവിടെ സിനിമയ്ക്ക് കഥയെഴുതി വിരല്‍ കഴയ്ക്കുമ്പോള്‍, ഇവിടെയെന്‍റെ സ്വപ്നങ്ങളെ പര്‍ദ്ദക്കറുപ്പില്‍ മുക്കി ഇരുട്ടാക്കുകയാണ്, ആരോ...

( ടി. എ. ഷാഹിദിന് )

2008 സപ്തംബര്‍ 8 / ദുബായ്

അതിര്‍ത്തിമുള്ളുകള്‍

അമന്‍,
അതിര്‍ത്തിമുള്ളുകള്‍ അടയാളപ്പെടുത്താത്ത മനസ്സില്‍ സ്നേഹത്തിന്‍റെ നിലാവ് കൊളുത്തിവെയ്ക്കപ്പെട്ടിരിക്കും.

ഭീതമായ ഓരോ പ്രയാണത്തിലും വെളിച്ചം കാട്ടി അത് മുന്‍പേ നടക്കും.

അപ്പോള്‍ ഇഷ്ട്ടപ്പെട്ട സംഗീതം എങ്ങും അലയടിക്കുന്നുണ്ടാകും.

എന്നാല്‍, മറന്നുവെച്ച എതെങ്കിലുമൊരു മുഖം ബാക്കിയുണ്ടെങ്കില്‍, അതൊരു തേങ്ങലായി പിന്തുടരുകതന്നെ ചെയ്യും...

സ്നേഹപൂര്‍വ്വം

( ഷഹബാസ് അമന് )
2008 സപ്തംബര്‍ 1 ( ദുബായ്)Friday, September 5, 2008

മറവി

ശുഭേ,
മറവി, ബ്ലെസി സിനിമയാക്കുമ്പോള്‍ കാണാന്‍ നല്ല ചേലാ. സത്യം പറയാമല്ലോ? നിന്‍റെ മറവിയ്ക്ക് യാതൊരു ചന്തവും ഇല്ല. അങ്ങനെ ഒരു മറവി കൊണ്ടുനടക്കുന്നതില്‍ മറ്റെന്തെങ്കിലും പ്രയോജനം ഉള്ളതായി അറിവുമില്ല. സ്വകാര്യതയില്‍ അടയിരിക്കുന്ന പക്ഷിതുവ്വലുകള്‍ മാത്രമല്ല വാക്കുകള്‍. ഒന്നും പറയാനില്ലെങ്കില്‍ നിനക്ക് നീര്‍മാതളത്തെ പറ്റിയെങ്കിലും പറഞ്ഞുകൂടെ?
മഴ പെയ്യണുണ്ടല്ലോ? തണുക്കുന്നില്ലേ? മനസ്സ് കുളിര്‍ക്കുന്നില്ലേ? എന്നിട്ടും വാക്കുകള്‍ വരള്‍ക്കാലത്തെ ഭാരതപ്പുഴ പോലെ...
മഴക്കാലവും മാമ്പഴക്കാലവും ഇല്ലാത്ത മരുഭൂവില്‍ നിന്നും...

(ശുഭയ്ക്ക് )

2008 ആഗസ്റ്റ് 4 / ദുബായ്

മഴക്കാലം

ഓപ്പീ,

ചോദ്യങ്ങളും ആവശ്യങ്ങളും പാടെ അവഗണിച്ചുകൊണ്ടാണെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരം എന്ന പോലെ നിന്‍റെ കത്ത് വന്നല്ലോ? സന്തോഷം തന്നെ. പ്രവാസം അതിന്‍റെ എല്ലാ വരമ്പുകളെയും ഭേദിക്കാന്‍ മോഹിപ്പിക്കുന്നു. മടുത്തു തുടങ്ങിയോ ആവോ, ഈ അറബിപ്പൊന്‍ കനവ്?

മഴ ചളിക്കുണ്ടുകളില്‍ ഇറങ്ങിനിന്ന് തവളകള്‍ക്ക് മുലയൂട്ടുകയാകും, അല്ലെ? റോഡുകളൊക്കെ തോണിയിറങ്ങി അലകള്‍ ഉതിര്‍ക്കുന്നുവോ? കുടപ്പരസ്യങ്ങള്‍? നീ പുതിയ മഴക്കോട്ട് വാങ്ങിയോ? ഒരു കൈക്കോട്ടെങ്കിലും?അതോ, ജി. സുധാകരനുമായി പിണങ്ങിപ്പോയോ മഴ? ഇടവപ്പാതി എഴുത്തുകാരുടെ റോയല്‍റ്റി പോലെ വെറും ശൂന്യതയോ? അവിടെ എന്ത് നടക്കുന്നു ആവോ? ഒന്നും വ്യക്തമല്ല. ഇവിടെ മഞ്ഞായും മഴയായും വെയില്‍ മാത്രം. തൊട്ടാല്‍ പൊള്ളുന്ന, കാക്ക കൊള്ളാത്ത, എന്നാല്‍ ഒട്ടെല്ലാ കാക്കാമാരും കൊള്ളുന്ന വെയില്‍.

( ഒ.പി. സുരേഷിന് )

ദുബായ് 2008 ജൂണ്‍ 23

Monday, September 1, 2008

കാത്തിരിപ്പ്

കാത്തിരുന്ന് മുഷിഞ്ഞു. നിന്‍റെ ആവരണം... മൗനം... ഒളിവ്... ഞാന്‍ ഭയപ്പെട്ടിരുന്നു. മൗനം നിന്‍റേതായിരുന്നപ്പോള്‍ വല്ലാത്ത ബോറായിരുന്നു. ഇഷ്ടപ്പെടുന്നവര്‍ക്കെന്നും ഇഷ്ടമാകാത്ത വികാരം. നിന്‍റെ കത്തുകള്‍ തരാതായ ശിപായിയോട് ഞാന്‍ പിന്നെ ചിരിച്ചിട്ടില്ല. ജിബ്രാന്‍ എഴുതിയിട്ടുണ്ട്; നിങ്ങള്‍ക്ക് പെരുമ്പറയുടെ ശബ്ദം ഒട്ടമര്‍ത്തിവെക്കാന്‍ കഴിയും. തന്ത്രിവാദ്യത്തിന്‍റെ തന്ത്രികള്‍ അയച്ചിടാന്‍ കഴിയും. എന്നാല്‍ വാനമ്പാടിയോട് പാടാതിരിക്കാന്‍ ആര്‍ക്ക് ആജ്ഞാപിക്കാനാകും?

( ബാലന് / 2007 ഏപ്രില്‍ 26 )

Wednesday, August 27, 2008

കടലാസില്‍

കടലാസില്‍ രചിക്കപ്പെടുന്നതോ തപാലില്‍ അയക്കപ്പെടുന്നതോ കൊണ്ട് ഇതൊന്നും കത്തുകളല്ല. ഏറ്റവും അടുത്തിരിക്കുന്ന വാക്കുകള്‍...

ഏതൊരു വിരഹത്തിലും, എത്രമേല്‍ വ്യസനത്തിലും, എതഗ്നിയിലും നിന്നില്‍ എഴുതാനുള്ള വാക്കുകള്‍ ഉണ്ടല്ലോ? നീയത് മറന്നു കളഞ്ഞുവെങ്കിലും ...

പേനയെ ലഹരിപോലെ ഇഷ്ട്പ്പെടുക. അലമാരിക്ക് അലങ്കാരമായല്ല . പഠിച്ച അക്ഷരങ്ങളോടുള്ള കടപ്പാട് ബാക്കിയില്ലേ?

മണ്ണില്‍ വീണ്, ഒരില പോലെ മണ്ണിലേക്ക് ലയിച്ചു ചേരും മുമ്പ്, അക്ഷരങ്ങള്‍ അര്‍പ്പിച്ച ദൌത്യം എത്ര ഇടങ്ങഴി നിര്‍വ്വഹിച്ചെന്ന് ആലോചിക്കുന്നത് മാന്യത.

വാക്കുകള്‍ തന്നെ നിന്‍റെ നിയോഗം. വാക്കിന്‍റെ ശക്തി. ഓജസ്സ്. അവ മൂടിവെക്കരുത്. വിഴുങ്ങരുത്. വിളക്ക് കൊളുത്തുമ്പോലെ അത് പ്രകാശിപ്പിക്കുക.

നീ അറിയുന്നുണ്ടോ, ഇതെഴുതുമ്പോള്‍ കൊടുങ്ങല്ലൂരിലെ വസതിയില്‍ വിജയന്‍ മാഷുടെ ചിതയെരിയുകയാണ്....

( ബാലന് /2007 ഒക്ടോബര്‍ 4)

രാജമുന്ത്രിയിലേക്ക്


കേരളത്തിലെവിടെയും നിനക്ക് ഇടമില്ല. സര്‍വ്വം സ്വകാര്യ ലാന്‍ഡ്‌ ബേങ്കില്‍. കയ്യേറാന്‍ മാത്രം നോക്കണ്ട. ജാഗരൂകരാണ് ജെ. സി. ബികള്‍.


തിരിച്ചുപോയത് ബുദ്ധി. എന്നുവെച്ച്, രാജമുന്ത്രിക്കാരെ മലയാളം പഠിപ്പിക്കാന്‍നോക്കണ്ട. അവരങ്ങ് ജീവിച്ചുപോട്ട്...


തലയിലെഴുത്ത് പ്രസിദ്ധീകരണത്തിന് കൊടുക്കാവുന്നതാണ്. റോയല്‍റ്റി ഇന്നാട്ടില്‍ പതിവില്ല. ഖ്യാതിയും!ആളാവാന്‍, സിന്‍ഡിക്കേറ്റ് കനിയണം.


കുറച്ചൊക്കെ മലയാളസാഹിത്യം വായിക്കാം. അപകടമില്ല. പക്ഷെ, സ്വയം രക്ഷപ്പെടാനുള്ള വിവേകമുണ്ടെങ്കില്‍ മാത്രം. സഹായി ഉണ്ടാകില്ല.


ഓര്‍മ്മ... അത് മാത്രമാണ് സ്വന്തം. ആരോടും കണക്കുപറയേണ്ട. അതുകൊണ്ട് ഓര്‍മ്മിക്കുക...എല്ലാ നന്മകളും...


(ബാലചന്ദ്രന് / 2007 ആഗസ്റ്റ് 3 )